ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷമാണ് ഗ്രാമ്പു .സുഗന്ധമസാലയായി ലോകമെങ്ങും ഗ്രാമ്പു ഉപയോഗിക്കുന്നു .ഗ്രാമ്പു ആദ്യം സുഗന്ധ ദ്രവ്യമായി ഉപയോഗിച്ചു തുടങ്ങിയത് ചൈനയിലാണ് .ഇതിന്റെ ജന്മദേശം മലാക്കാ ദ്വീപുകളാണ് .ഈസ്റ്റിൻഡ്യാ കമ്പിനിയാണ് ഈ ചെടി ഇന്ത്യയിൽ എത്തിച്ചത് .ഇന്ത്യയിൽ ഗ്രാമ്പു ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായിട്ടും ആവശ്യമുള്ള ഗ്രാമ്പു ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നില്ല .കേരളത്തിലും തമിഴ്നാട്ടിലുമാണ് ഗ്രാമ്പു ഇന്ത്യയിൽ കൃഷി ചെയ്യുന്നത് .ലോകത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ്പു ഉൽപാദിപ്പിക്കുന്നത് സാൻസിബാറാണ് .കൂടാതെ ഇൻഡോനേഷ്യ ,മലേഷ്യ ,മഡഗാസ്കർ ടാൻസിയ എന്നീ രാജ്യങ്ങളിലും ഗ്രാമ്പു ധാരാളമായി കൃഷി ചെയ്യുന്നു .ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണ് ക്ളോവ് എന്ന പേര് കിട്ടിയത്.
ഏകദേശം 12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത മരമാണ് ഗ്രാമ്പു . .കരയാമ്പൂ എന്ന പേരിലും അറിയപ്പെടും .ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് ഗ്രാമ്പു പൂക്കുന്നത് ശാഖോപശാഖകളോടും നിറയെ ഇലകളോടും കൂടി വളരുന്ന ഗ്രാമ്പുവിന്റെ പൂമൊട്ടുകൾ പറിച്ച് ഉണക്കിയാണ് ഗ്രാമ്പുവായി വിപണിയിൽ എത്തുന്നത് .ഇത് വാറ്റി ഗ്രാമ്പു തൈലവും എടുക്കുന്നു .ഈ മരത്തിന്റെ പുറംതൊലി ചാര നിറത്തിലും മിനുസമുള്ളതുമാണ് .രണ്ടറ്റവും കൂർത്ത ഇലകളുടെ അടിവശത്ത് മങ്ങിയ പച്ച നിറവും ഉപരിതലത്തിൽ കടും പച്ച നിറവുമാണ് .ഇതിന്റെ ഇലകൾ ഞെരുടിയാൽ നല്ല സുഗന്ധമുണ്ടാകും .ലവംഗാദി വടിക എന്ന ഔഷധത്തിൽ ഗ്രാമ്പു ഒരു ചേരുവയാണ് . ഗ്രാമ്പുവിന്റെ ഇല ,പൂമൊട്ട് ,കായ് ,തൊലി ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.
സസ്യകുടുംബം : Myrtaceae
ശാസ്ത്രനാമം : Syzygium aromaticum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലിഷ് : Clove
സംസ്‌കൃതം : ലവഃ, ദേവപുഷ്പം, ഭൃംഗ
ഹിന്ദി : ലൗങ്ഗ, ലവംഗ
തമിഴ് : കിരാംപു
തെലുങ്ക് : കാരാവല്ലു
ബംഗാളി : ലവംഗ
രസാദിഗുണങ്ങൾ
രസം :തിക്തം, കടു
ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു
രാസഘടങ്ങൾ
ഉണങ്ങിയ മൊട്ടിൽ നിന്ന് രൂക്ഷഗന്ധമുള്ള തൈലം ലഭിക്കും.ബാഷ്ചീകരണ സ്വഭാവമുള്ള ഈ തൈലത്തിലെ മുഖ്യഘടകം യൂജിനോളാണ് .തൈലത്തിന്റെ മണം നിലനിർത്താൻ സഹായിക്കുന്നത് മിതൈൽ അമൈൽ കീറ്റോൺ എന്ന രാസവസ്തുവാണ്.കൂടാതെ പ്രോട്ടീൻ, കൊഴുപ്പ്,അന്നജം, അയാഡിൻ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, എന്നിവ വ്യത്യസ്ത അളവിൽ ഇവയിൽ അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
ദഹനശക്തി വർദ്ധിപ്പിക്കും ,ഇതിന്റെ തൈലം വായ്നാറ്റം, പല്ലുവേദന എന്നിവയ്ക്ക് നല്ലതാണ് .ഛർദ്ദി, ചുമ, ശ്വാസവൈഷമ്യം എന്നിവ ശമിപ്പിക്കും .കോളറാരോഗത്തിനു കാരണമാകുന്ന വിബ്രിയോ കോളറേ എന്ന അണുവിനെ നശിപ്പിക്കാനുള്ള ശക്തി ഗ്രാമ്പുവിനുണ്ട് അതുകൊണ്ടുതന്നെ ഇതിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്
ചില ഔഷധപ്രയോഗങ്ങൾ
ഗ്രാമ്പു പൊടിച്ചത് തേനിൽ ചേർത്ത് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ ചുമ, പനി എന്നിവ ശമിക്കും
അൽപ്പം ഗ്രാമ്പൂതൈലം ചൂടുവെള്ളത്തിലൊഴിച്ച്
ആവിപിടിച്ചാൽ തൊണ്ടവേദന, ജലദോഷം, പനി, കഫക്കെട്ട് എന്നിവ ശമിക്കും
അൽപം ഗ്രാമ്പൂതൈലം ചൂടുവെള്ളത്തിലൊഴിച്ച് കവിൾ കൊണ്ടാൽ വായ്നാറ്റം, പല്ലുവേദന എന്നിവ മാറും
ഗ്രാമ്പു തൈലം പഞ്ഞിയിൽ മുക്കി പോടുള്ള പല്ലിൽ വച്ചാൽ പല്ലുവേദന ശമിക്കും
ഗ്രാമ്പൂതൈലം അൽപ്പം വെള്ളത്തിലൊഴിച്ച് നെഞ്ചത്തും പുറത്തും പുരട്ടുകയും സ്വൽപം ഗ്രാമ്പൂ പൊടിച്ചത് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുകയും ചെയ്താൽ ചുമ, ശ്വാസവൈഷമ്യം എന്നിവയ്ക്ക് ശമനമുണ്ടാകും
ഗ്രാമ്പൂ,ഏലത്തരി, കായം, എന്നിവ സമം എടുത്ത്
വറുത്തു പൊടിച്ച് വെള്ളത്തിൽ ഇട്ടുവെച്ച്, ഒരു ദിവസത്തിന് ശേഷം എടുത്ത് ദിവസം പല പ്രാവിശ്യം കുടിച്ചാൽ വിരശല്യം മാറും